ബിജെപിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടില്‍ ടിപ്ര. ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മ്മന്‍ പ്രഖ്യാപിച്ചു.
‘ഞങ്ങള്‍ ഡല്‍ഹിയില്‍ പോയി. അവരെ കേട്ടു. അല്ലെങ്കില്‍ അവരുടെ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചില്ലെന്ന് പിന്നീട് കേള്‍ക്കേണ്ടി വരും. പക്ഷെ ടിപ്രലാന്‍ഡ് എന്ന ആവശ്യത്തോട്് പ്രതികരിച്ച് രേഖാമൂലം എഴുതിത്തരാന്‍ അവര്‍ തയ്യാറായില്ല. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ പ്രദ്യോത് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
നേരത്തെ സിപിഐഎമ്മും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. സഖ്യത്തിലേക്ക് ടിപ്രയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ടിപ്രലാന്‍ഡ് ആവശ്യം നടപ്പിലാക്കാമെന്ന് എഴുതി തരാതെ സഖ്യത്തിന്റെ ഭാഗമാവാനില്ലെന്ന നിലപാടാണ് പ്രദ്യോത് സ്വീകരിച്ചത്. ഇതോടെ സഖ്യസാധ്യതകള്‍ അവസാനിക്കുകയായിരുന്നു.
തങ്ങളുമായി സഖ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപി ആഗ്രഹിച്ച നിലപാടാണ് ടിപ്ര സ്വീകരിച്ചിരിക്കുന്നത്. സഖ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിപിഐഎം, കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവാതെ ടിപ്ര ഒറ്റക്ക് മത്സരിക്കണമെന്നാണ് ബിജെപി ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ അതാണ് പ്രദ്യോതിന്റെ പ്രഖ്യാപനത്തിലൂടെ നടന്നിരിക്കുന്നത്.
ബിജെപി വിരുദ്ധ വോട്ടുകള്‍ സിപിഐഎം, കോണ്‍ഗ്രസ് സഖ്യത്തിനും ടിപ്രയ്ക്കും ഇടയില്‍ വിഭജിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് വേണ്ടി വന്നാല്‍ പ്രദ്യോതുമായി സഖ്യത്തിലെത്താനുള്ള സാധ്യതയും ബിജെപി അവശേഷിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗോത്ര മേഖലയില്‍ നിര്‍ണായ ശക്തിയായ ടിപ്ര ഒറ്റക്ക് മത്സരിക്കുന്നതോടെ അതിനുള്ള സാധ്യതയേറെയാണ്.
Discussion about this post