ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത് ഈജിപ്ത്. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, രാജ്യത്തെ പദ്ധതികളില്‍ നിക്ഷേപത്തിനും പങ്കാളിത്തത്തിനുമായി ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം ഈജിപ്ഷ്യന്‍ അധികാരികളുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയം ഇതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 50 ലധികം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈജിപ്തില്‍ 3.15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയില്‍ ഈജിപ്ഷ്യന്‍ നിക്ഷേപം ഏകദേശം 37 മില്യണ്‍ ഡോളര്‍ മാത്രമാണ്. ഈജിപ്തുമായുള്ള ഇന്ത്യയുടെ വ്യാപാരം 2018-19-ല്‍ 4.5 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2021-22-ല്‍ 7.26 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 12 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. സൂയസ് കനാല്‍ ഇക്കണോമിക് സോണില്‍ (എസ്സിഇസെഡ്) ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുന്നതിനുള്ള സാധ്യത ഈജിപ്ത് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്ത ഈജിപ്ത്, ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജനുവരി 24 മുതല്‍ 27 വരെയാണ് അബ്ദുള്‍ ഫത്താഹ് അല്‍സിസി ഇന്ത്യയിലുള്ളത്. റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യത്തെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. പരേഡില്‍ ഈജിപ്ത് സൈനിക സംഘവും പങ്കെടുത്തിരുന്നു. പരേഡില്‍, ഈജിപ്ഷ്യന്‍ ആര്‍മിയുടെ ഒരു സൈനിക സംഘം ആദ്യമായി കര്‍ത്തവ്യപഥിലെ സല്യൂട്ട് ഡെയ്സിലേക്ക് മാര്‍ച്ച് ചെയ്തു.
Discussion about this post