വേനൽക്കാലമായാലും മഴക്കാലമായാലും ചില വീടുകളിൽ എപ്പോഴും നിത്യ സന്ദർശകരായി എത്തുന്ന ഒരു കൂട്ടരാണ് പാമ്പുകൾ. എന്നാൽ പാമ്പ് വീട്ടിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പറമ്പ് വൃത്തിയായി സൂക്ഷിക്കുക എന്നത്. പറമ്പിലും വീട്ടുമുറ്റത്തും ചപ്പു ചവറുകൾ കൂട്ടിയിടുന്നത് അല്പം അപകടകരമാണ്. ഇതുകൂടാതെ വീട്ടുമുറ്റത്തും പരിസരത്തും ഒരിക്കലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളാണ് പാമ്പിനെ വസിക്കാൻ ഏറ്റവും ഇഷ്ടം എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
പ്രത്യേകിച്ച് നമ്മുടെ അടുക്കളത്തോട്ടത്തിൽ ഒരിക്കലും വെള്ളം കെട്ടിനിർത്തരുത്. നമ്മുടെ പൂന്തോട്ടത്തിൽ ചെടികൾ യഥാസമയം വെട്ടി ഒതുക്കേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഇടയ്ക്ക് മണ്ണെണ്ണ തളിക്കുന്നതും വെളുത്തുള്ളി ചതച്ച് വെള്ളം ചേർത്ത് തളിക്കുന്നതും പാമ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ഉപകരിക്കും. വീടിനു പുറത്ത് കാണപ്പെടുന്ന പൊത്തുകൾ അടച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ പാമ്പ് ശല്യം ഇല്ലാതാക്കാം. കോഴിക്കൂടിന് സമീപം പലപ്പോഴും പാമ്പുകളെ കാണുന്നുണ്ടാകും. ഇതിന് കാരണം ഇവയുടെ വിസർജ്യങ്ങളാണ്. അതുകൊണ്ട് ഇത് വൃത്തിയായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. നമ്മുടെ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് രാത്രി കമിഴ്ത്തി വയ്ക്കുക. ഷൂസിനുള്ളിൽ പാമ്പ് കയറിയിരിക്കുന്നത് ഇന്ന് പലയിടങ്ങളിലും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഓർത്തു വെച്ചാൽ പാമ്പ് ശല്യം ഇല്ലാതാക്കാം.
Discussion about this post