ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്തവര്‍ക്ക് ചൈനീസ്, ഉത്തര കൊറിയ ബന്ധമെന്ന് സംശയം. ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത് പ്രധാനമായും അഞ്ച് സെര്വറുകളെന്നാണ് കണ്ടെത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഉള്‍പ്പടെ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ അപഹരിക്കപ്പെട്ടതയാണ് വിവരം. സംഭവത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു.
എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എയിംസിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വിവരങ്ങള്‍ ചോര്ന്നോയെന്നാണ് ദി ഇന്ത്യ കമ്പ്യൂട്ടര്‍ ഏമര്‍ജന്‍സി റസ്പോണ്‍സ് ടീമും ഡല്‍ഹി പൊലീസും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സര്‍ക്കാര്‍ ഏജന്‍സികളായ ഡല്‍ഹി പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയവരും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിസ്റ്റം അനലിസ്റ്റുകളെ സസ്പെന്‍ഡ് ചെയ്തു.
ഹാക്കിംഗ് നടന്ന് 10 ദിവസം പിന്നിടുമ്പോള്‍ ആശുപത്രിയിലെ അഡ്മിഷന്, പരിശോധന റിപ്പോര്‍ട്ട്, ആശുപത്രി ബില്ലിംഗ് തുടങ്ങി ദൈനംദിന നടപടികളെല്ലാം താളം തെറ്റിയിരിക്കുകയാണ്. മാന്വല്‍ രീതിയില്‍ ഇവയൊക്കെ തയ്യാറാക്കുന്നത് പ്രായോഗികമാകുന്നില്ല.
ഹാക്ക് ചെയ്യപ്പെട്ട സെര്‍വറിലെ വിവരങ്ങള്‍ ഏഴു ദിവസത്തിനു ശേഷം കുറച്ച് വീണ്ടെടുത്തുവെന്ന് എയിംസ് അറിയിച്ചു. ഡാറ്റ, നെറ്റ് വര്‍ക്കിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇനിയും വൈകും. അതേസമയം സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി ആവശ്യപ്പെട്ടെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് നിഷേധിച്ചു.
പ്രതിവര്‍ഷം 38 ലക്ഷം രോഗികള്‍ ചികിത്സയ്ക്കെത്തുന്ന രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസില്‍ ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. സെര്‍വര്‍ തകരാറാണെന്നാണ് ആദ്യം എയിംസ് അധികൃതല്‍ കരുതിയത്. നടന്നത് സൈബര്‍ തീവ്രവാദമാണെന്ന് മനസിലാക്കിയ ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് നവംബര്‍ 25ന് സൈബര്‍ തീവ്രവാദം ചുമത്തി എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.
നടന്നത് റാന്‍സം വെയര്‍ ആക്രമണമായതിനാല്‍ ഡാറ്റ തിരിച്ചെടുത്താലും പകുതിയിലധികവും നഷ്ടമാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ ഒട്ട് പേഷ്യന്റ്, ഇന്‍പേഷ്യന്റ്, ലാബോറട്ടറികള്‍ തുടങ്ങി എല്ലാ സേവനങ്ങളും മാന്വല്‍ മോഡില്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Discussion about this post