ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് അവിശ്വസനീയ വിജയം സമ്മാനിച്ച സൗദി അറേബ്യ താരങ്ങള്‍ക്ക് സമ്മാനങ്ങളുടെ പെരുമഴ. സൗദി ടീമിലെ കളിക്കാര്‍ക്കും പരിശീലക സംഘത്തില്‍ ഉള്ളവര്‍ക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് റോള്‍സ് റോയിസ് ആണ് സമ്മാനമായി പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സൗദി ശക്തരായ അര്‍ജന്റീനയെ വീഴ്ത്തുന്നത്.
ലോകകപ്പ് വിജയം സൗദിയില്‍ വലിയ രീതിയില്‍ ആണ് ആഘോഷിക്കപ്പെടുന്നത്. തെരുവുകളിലെല്ലാം ആഘോഷം നടക്കുകയാണ്. താരങ്ങള്‍ക്ക് വലിയ സമ്മാനങ്ങള്‍ ഇനിയും പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പ് ജയിച്ച രീതിയിലുള്ള സന്തോഷ പ്രകടനമാണ് അരങ്ങേറുന്നതെന്ന് സോഷ്യല്‍മീഡിയ വ്ളോഗര്‍മാര്‍ ട്വീറ്റ് ചെയ്തു.
സൗദിക്കെതിരേ ആദ്യ ഗോള്‍ നേടിയ ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങി അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. മൂന്ന് തവണ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കെണി അര്‍ജന്റീനയുടെ തോല്‍വിക്ക് ആക്കംകൂട്ടി. ഗ്രൂപ്പ് സിയില്‍ ഇനി ബാക്കിയുള്ള രണ്ട് കളികളും അര്‍ജന്റീനയ്ക്ക് നിര്‍ണായകമായി മാറി. മെക്സിക്കോ, പോളണ്ട് എന്നിവരാണ് എതിരാളികള്‍.
Discussion about this post