ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. പണം നല്കി ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം. ഉല്പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിലൂടെ റിവാഡ് പോയിന്റ് ലഭിക്കുന്നുണ്ടെങ്കില്‍ അത് രേഖപ്പെടുത്തണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
ഉല്പന്നങ്ങള്ക്ക് വ്യാജ റിവ്യു നല്കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. റിവ്യു എഴുതുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചതിന് ശേഷമേ റിവ്യു പ്രസിദ്ധീകരിക്കാന്‍ പാടുള്ളു.
കമ്പനി ഉപയോക്താവിനോട് ആവശ്യപ്പെട്ടിട്ട് എഴുതുന്ന റിവ്യു ആണെങ്കില്‍, എപ്പോള്‍ ആവശ്യപ്പെട്ടു, ആരോടെല്ലാം ആവശ്യപ്പെട്ടു എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം.ഉപയോക്താവ് യഥാര്‍ഥ അഭിപ്രായം രേഖപ്പെടുത്തിയിട്ട് അത് വെബ്സൈറ്റ് പ്രസിദ്ധീകരിക്കാതിരുന്നാല്‍ ചട്ടലംഘനമാകും.
വെള്ളിയാഴ്ച മുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. താല്പര്യമുള്ള കമ്പനികള്‍ക്ക് ബിഐഎസ് സര്ട്ടിഫിക്കേഷന് എടുക്കാം. വ്യാജ റിവ്യു തുടരുകയാണ് എങ്കില്‍ അടുത്തപടിയായി സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
Discussion about this post