ഹണി ട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ വ്ളോഗറായ 28കാരിക്കും ഭര്‍ത്താവിനുമെതിരേ കേസെടുത്തു. തൃശൂര്‍ കുന്നംകുളം നാലകത്ത് നിഷാദ്, ഭാര്യ റാഷിദ എന്നിവര്‍ക്കെതിരേയാണ് കേസ്. നിഷാദിനെ കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. റാഷിദയ്ക്കെതിരേ നടപടികള്‍ ആരംഭിച്ചു.
കല്‍പ്പകഞ്ചേരി സ്വദേശിയായ 68കാരനുമായി പ്രണയം നടിച്ച് റാഷിദ ബന്ധം സ്ഥാപിച്ചു. ഇയാളെ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ചു വരുത്തി അടുത്തിടപഴകുകയും ചെയ്തു. 68കാരനുമായുള്ള ബന്ധത്തെ ഭര്‍ത്താവായ നിഷാദ് പ്രോത്സാഹിപ്പിച്ചു. 68കാരന് കെണിയിലായി എന്നുറപ്പായപ്പോള്‍ ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ പണം കൈക്കലാക്കി തുടങ്ങി.
പണം തന്നില്ലെങ്കില്‍ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ ദമ്പതിമാര്‍ 23 ലക്ഷം രൂപ തട്ടിയെടുത്തത്. വലിയ തോതില്‍ പണം നഷ്ടമാകുന്നതറിഞ്ഞ 68കാരന്റെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലാകുന്നത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post