കാത്തിരുന്ന കലോത്സവം തുളുനാട്ടിലേക്കെത്താന്‍ ഒരു രാവും പകലും കൂടി മാത്രം. സംസ്‌കാര പെരുമയാല്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാസര്‍കോട്ടേക്കെത്തുന്നവര്‍ക്ക് പുത്തന്‍ കാഴ്ച്ചകള്‍ കണ്ടു മടങ്ങാം. വടക്കിന്റെ ദൈവങ്ങളായ തെയ്യങ്ങള്‍ കാവുകളിലും, തറവാടുകളിലും ഉറഞ്ഞാടുന്ന ഈ തെയ്യക്കാലത്താണ് കേരള സ്‌കൂള്‍ കലോത്സവവും ജില്ലയിലേക്ക് വണ്ടി കയറുന്നത്. തുളുനാടന്‍ കുന്നുകള്‍ ഇറങ്ങി മലബാറിന്റെ ഉത്തര മേഖലകളിലേക്ക് പടര്‍ന്ന തെയ്യങ്ങള്‍ നിലനില്‍പ്പിന്റെ, പരിസ്ഥിതിയുടെ, വിശ്വാസത്തിന്റെ, സംസ്‌ക്കാരത്തിന്റെ, കാര്‍ഷിക ജീവിതത്തിന്റെ, അതിജീവനത്തിന്റെ, പ്രതിഷേധത്തിന്റെ, സാമൂഹ്യ ബോധത്തിന്റെ, മതസൗഹാര്‍ദ്ദത്തിന്റെ… അങ്ങനെയങ്ങനെ പലതിന്റേയും പ്രതീകമാണ്.
ഒരു ജനതയുടെ നാനാതരത്തിലുള്ള ക്ഷേമത്തിനും, പരിപാലനത്തിനും സൗഹാര്‍ദ്ദത്തിനുമായി നിലകൊള്ളുന്ന ശക്തിയെ വിശ്വാസികള്‍ ദൈവം എന്ന് വാഴ്ത്തുന്നു. ദൈവം എന്ന പദത്തില്‍ നിന്ന് പിറവികൊണ്ട ‘തെയ്യം’ സങ്കല്‍പ്പത്തേക്കാള്‍ വളര്‍ന്ന യാഥാര്‍ത്ഥ്യം തന്നെ.
തെയ്യക്കാരന്‍ തെയ്യമായി മാറുന്നു
തെയ്യക്കഥകളെ വിവരിക്കുന്ന ഈണത്തിലുള്ള സാഹിത്യമാണ് തോറ്റം പാട്ടുകള്‍… തോറ്റത്തില്‍ ആദ്യാന്തം വരേയ്ക്കും തെയ്യം തന്റെ കഥ പറയുകയാണ്. ഞാന്‍, എനിക്ക്, എന്റെ.. ഇങ്ങനെ നീളുന്ന തോറ്റം കേട്ട് കേട്ട് ഇടയ്ക്കെപ്പോഴോ തെയ്യക്കാരന്‍ തെയ്യമായി മാറുന്നു…. പിന്നെ അവനില്‍ നിന്നും പുറപ്പെടുന്ന വാക്കുകളത്രയും തെയ്യത്തിന്റെ അരുളപ്പാടുകളാണ് എന്ന് വിശ്വാസികള്‍.
ദേവീദേവന്‍മാരെയും, വീരന്മാരെയും, വീരാങ്കനമാരെയും തെയ്യമായി കെട്ടിയാടുന്നു. ജില്ലയിലെ മലയന്‍, വണ്ണാന്‍, വേലന്‍, നെല്‍കദായര്‍, അഞ്ഞൂറ്റാന്‍, പുലയന്‍ പരവന്‍, ചെറവര്‍ തുടങ്ങിയ സമുദായക്കാരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്.
മലബാറിന്റെ തെയ്യക്കാവുകള്‍
തെയ്യത്തിന്റെ വേരോട്ടമില്ലാത്ത മണ്ണായിരുന്നു മലബാര്‍ എങ്കില്‍ ഈ നാട്ടിലെ കാവുകളെല്ലാം പണ്ടേയ്ക്കു പണ്ടേ ഇല്ലാതായേനേ… തെയ്യങ്ങള്‍ കെട്ടിയാടുന്നത് അധികവും കാവുകളിലാണ്. അന്തരീക്ഷത്തിലെ വിഷാംശങ്ങളെ വലിച്ചെടുക്കാന്‍ കെല്‍പ്പുള്ള കാഞ്ഞിരവും പാലയും, ചെമ്പകവും ഇല്ലാത്ത കാവുകളില്ല. കാവു തീണ്ടാതിരിക്കാന്‍ പ്രേത ഭൂതങ്ങളേയും, നാഗങ്ങളേയും ഒരു തലമുറ ഇവിടളില്‍ കാവലിനിരുത്തി. പൂത്ത ചെമ്പകവും, പാലയും മണം പരത്തുന്ന, കാഞ്ഞിരമരങ്ങളുടെ തണലില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടി. കാര്‍ഷീക സമൃദ്ധിക്കും, രോഗശാന്തിക്കും, നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമൊക്കെയായി തറവാടുകളിലും കാവുകളിലും തെയ്യങ്ങള്‍ വന്നുപോയി. കളിയാട്ടവും പെരുങ്കളിയാട്ടവും കാവുകളെ ഉണര്‍ത്തി.
രോഗശാന്തിക്കും,കാര്‍ഷിക സമൃദ്ധിക്കും
ആലി തെയ്യം, മുക്രി തെയ്യം, ഉമ്മച്ചി തെയ്യം ഇങ്ങനെ മതങ്ങളെ ഊട്ടിയുറപ്പിക്കലുകളായി തെയ്യം.. രോഗശാന്തിക്കുള്ള മേലെരിയും, കാര്‍ഷിക അഭിവൃത്തിക്കും, സംഘ ബോധത്തിനുമുള്ള ഇന്ധനവുമായി തെയ്യം… കാവു തീണ്ടാതെ കാടുകാക്കുന്ന കാവല്‍ക്കാരനായി തെയ്യം… കേരളം ഒരു നാടന്‍കലയായും അനുഷ്ഠാന കലയായും മാത്രം സ്വീകരിച്ച തെയ്യം മലബാറിന്റെ സിരകളിലെ ചോരയാണ്. വികാരവും ആവേശവുമാണ്. അതിനുമപ്പുറം ഒരു സംസ്‌ക്കാരത്തെ കെട്ടുറപ്പോടുകൂടി പിടിച്ചു നിര്‍ത്തുന്ന വടക്കിന്റെ കാവലാണ്. മനം നിറയെ സ്നേഹം നിറച്ച തുളു നാട്ടുകാര്‍ കലാ നഗരിയിലെത്തുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കും കലാപ്രേമികള്‍ക്കും കലാമേളയ്ക്കൊപ്പം വെക്കാന്‍ തെയ്യത്തിന്റെ കഥകളും, തെയ്യത്തിന്റെ ഉറഞ്ഞാട്ടവും, ശാന്തതയുമെല്ലാം പകര്‍ന്നു നല്‍കും.
Discussion about this post