റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ ശാശ്വത സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയോട് നിര്‍ദ്ദേശിച്ച് മെക്സിക്കോ. മാര്‍പാപ്പയ്ക്ക് പുറമെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരേയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.
ന്യൂയോര്‍ക്കില്‍ ഉക്രെയ്നുമായി ബന്ധപ്പെട്ട യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മെക്സിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കാസൗബണ് നിര്‍ദേശം മുന്നോട്ടുവച്ചത്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഫലപ്രദമായ രാഷ്ട്രീയ മാര്‍ഗങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
സമാധാനം കൈവരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ പരമാവധി ശ്രമിക്കണമെന്ന് മെക്സിക്കന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ നിര്‍ദ്ദേശം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
കമ്മിറ്റിയില്‍ സാധ്യമെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും നരേന്ദ്ര മോഡിയും ഉള്‍പ്പെടെ മറ്റ് രാഷ്ട്രത്തലവന്മാരുടെയും സര്‍ക്കാരിന്റെയും പങ്കാളിത്തവും ഇതിന് വേണം. സംഭാഷണത്തിന് പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കണം. വിശ്വാസം വളര്‍ത്തുന്നതിനും പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും ശാശ്വത സമാധാനത്തിനുള്ള വഴി തുറക്കുന്നതിനുമായി മധ്യസ്ഥതയ്ക്ക് സാധ്യമാക്കുന്ന ഇടങ്ങള്‍ ക്രമീകരിക്കുക എന്നിവയായിരിക്കണം സമിതിയുടെ ലക്ഷ്യമെന്നും കാസൗബണ് പറഞ്ഞു.
യുഎന്‍ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കും കമ്മിറ്റിക്കും വിപുലമായ പിന്തുണ സൃഷ്ടിക്കുന്നതിന് ആവശ്യമായ കൂടിയാലോചനകളുമായി മെക്സിക്കന്‍ പ്രതിനിധികള്‍ തുടരുമെന്ന് കാസൗബണ് പറഞ്ഞു. യുഎന്‍ അംഗരാജ്യങ്ങളുടെ പിന്തുണയോടെ അവയുടെ രൂപീകരണം മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post