അകാലനര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പല കാരണങ്ങളുണ്ട്. നമ്മുടെ ശരീരത്തിൽ മുടി വളർച്ച ത്വരിതപ്പെടുത്തുന്ന പോഷകാംശങ്ങളുടെ അളവ് കുറയുന്നതും, ജോലിയിലെ സമ്മർദവും, പുകവലി മദ്യപാനം തുടങ്ങിയ അനാരോഗ്യ കാര്യങ്ങളും ഒരുപക്ഷേ അകാലനരയ്ക്ക് കാരണമാകാറുണ്ട്. ഇത് ഇല്ലാതാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട പരമപ്രധാനമായ കാര്യം പോഷകാംശങ്ങൾ ധാരാളമുള്ള പഴവർഗ്ഗങ്ങൾ കഴിക്കുക എന്നതാണ് പ്രത്യേകിച്ച് വിറ്റാമിന് ബി അടങ്ങിയ പച്ചക്കറികൾ ഇതുകൂടാതെ ധാരാളം നാട്ടുവൈദ്യങ്ങൾ ഉപയോഗപ്പെടുത്തിയും അകാല നരയെ ഇല്ലായ്മ ചെയ്യാം.
അകാല നര ഇല്ലാതാക്കാൻ ചില കുറുക്കുവഴികൾ
1. മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുവാനും അകാലനര അകറ്റുവാനും ഉരുളകിഴങ്ങ് പ്രയോഗം അത്യുത്തമമാണ്. 5 ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തിൽ ഇട്ട് അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം ഇത് തണുക്കാൻ വയ്ക്കുക. അതിനുശേഷം ഉരുളകിഴങ്ങ് നല്ലപോലെ അരച്ചു മുടിയിൽ തേക്കുക. ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞു ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക.
2. കരിവേപ്പില ഉപയോഗപ്പെടുത്തിയും അകാലനരയെ നിറയെ പ്രതിരോധിക്കാം. ഇതിനുവേണ്ടി കൈപിടിയോളം കറിവേപ്പില എടുത്ത് നല്ല രീതിയിൽ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് തൈര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഏകദേശം കാൽ മണിക്കൂർ കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇതുകൂടാതെ തൈരിന് പകരം പാലും ഉപയോഗിക്കാം.
3. വിറ്റാമിൻ സി ധാരാളം ഉള്ള നെല്ലിക്ക ധാരാളമായി കഴിക്കുന്നതും, നെല്ലിക്ക ഇട്ട് കാച്ചിയ എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുന്നതും അകാലനര പ്രതിരോധിക്കാൻ നല്ലതാണ്. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി.
4. പുളിപ്പിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേർത്ത് തലയിൽ തേച്ചു കുളിക്കുന്നതും മുടിക്ക് മൃദുത്വം ഉണ്ടാകുവാനും കറുപ്പുനിറം ലഭിക്കുവാനും നല്ലതാണ്.
5. മുടിയുടെ അഴക് വർധിപ്പിക്കാൻ സഹായിക്കുന്ന ഔഷധസസ്യമാണ് തുളസി. ഇതിനുവേണ്ടി കുറച്ച് തുളസി എടുത്ത് നല്ല രീതിയിൽ അരച്ച് അൽപം വെള്ളം ചേർത്ത് മുടിയിൽ പുരട്ടി കുളിക്കുന്നത് നല്ലതാണ്. കൂടാതെ തുളസിയും കറ്റാർവാഴയും ചേർത്ത് എണ്ണകാച്ചി തലയിൽ തേക്കുന്നതും നല്ലതാണ്.
6. ശരീര സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ നല്ലതാണ് ബദാം കഴിക്കുന്നത്. കൂടാതെ രണ്ട് ടേബിൾ സ്പൂൺ ബദാം എണ്ണയും അഞ്ചു ടേബിൾ സ്പൂൺ എള്ളെണ്ണയും ചേർത്ത് മുടിയിലും തലയോട്ടിയിലും തേച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് രണ്ടോ മൂന്നോ തുള്ളി കൈയിലെടുത്ത് തലേദിവസം രാത്രി മുടിയിൽ തേക്കുകയും പിന്നീട് കഴുകിക്കളയുകയും ചെയ്യുക.
Discussion about this post