രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വന്നിറങ്ങിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തില്‍. മൊബൈല്‍ ജാമറുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഘം വിമാനത്താവളത്തിലെത്തിയത്. ലോക്കല്‍ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചെങ്കിലും വിശദ വിവരങ്ങള്‍ കൈമാറാതെയാണ് സംഘം എത്തിയത്.
സിആര്‍പിഎഫിനായിരുന്നു മുഖ്യ സുരക്ഷാ ചുമതല. വന്‍ പൊലീസ് സന്നാഹം റെയ്ഡ് നടന്നയിടങ്ങളിലെല്ലാം നിലയുറപ്പിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ വീടുകളിലും ദേശീയപാതയില്‍ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും രണ്ട് നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസിലും കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തി.
കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിടി സുലൈമാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ അവിടെ ഉണ്ടായിരുന്നില്ല. സുലൈമാനെ പിന്നീട് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പട്ടാമ്പി ഓഫീസിലും സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തി.
റൗഫ് വീട്ടിലുണ്ടായിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എംഎം മുജീബിന്റെ വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ന്ന നിലയില്‍. എന്‍ഐഎ ഉദ്യോഗസ്ഥരാണ് വാതില്‍ തകര്‍ത്തതെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. തൃശൂര്‍ ജില്ലയില്‍ ചാവക്കാട്ടെ ജില്ലാ ഓഫീസിലും രണ്ട് നേതാക്കളുടെ വസതിയിലുമായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു റെയ്ഡ്. സംസ്ഥാന നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ട്രിവാന്‍ഡ്രം എജ്യുക്കേഷണല്‍ സര്‍വീസ് ട്രസ്റ്റ് ചെയര്മാന് അബ്ദുല്‍ റഷീദിന്റെ മണക്കാട്ടെ വീട്ടിലുമായിരുന്നു പരിശോധന.
Discussion about this post