ഭൂമിയില്‍ ഏകദേശം 20,000,000,000,000,000 ഉറുമ്പുകള്‍ ജീവിച്ചിരിക്കുന്നുവെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍. നിലവിലെ കണ്ടെത്തല്‍ പ്രകാരം ഉറുമ്പുകളെ മനുഷ്യര്‍ വീതിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് 2.85 ലക്ഷം കോടി ഉറുമ്പുകളെ ലഭിക്കും. ലോകത്തിലെ പ്രകൃതി ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഉറുമ്പുകളുടെ എണ്ണം ഇതുവരെ ഒരു സമസ്യയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഗവേഷകന് സബിന്‍ എസ്. നൂട്ടെന് പറയുന്നു.
മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്ന കണക്കുകളേക്കാള്‍ രണ്ട് മുതല്‍ 20 മടങ്ങ് വരെ കൂടുതലാണ് ഇപ്പോഴത്തെ ഉറുമ്പുകളുടെ എണ്ണം. ജീവശാസ്ത്രജ്ഞരായ ബെര്‍ട്ട് ഹോള്ഡോബ്ലറും എഡ്വേര്‍ഡ് ഒ. വില്‍സണും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഒരു ക്വാഡ്രില്യണിനും 10 ക്വാഡ്രില്യണിനും ഇടയിലുള്ള ഉറുമ്പുകളുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.
ലോകത്തില്‍ ഉറുമ്പുകള്‍ ഉള്ള 1,306 പ്രധാന ബയോമുകളുമായി ബന്ധപ്പെട്ട 489 ഡാറ്റകള്‍ പഠിച്ചശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ജേര്‍ണല്‍ പ്രൊസീഡിങ് ഓഫ് ദ നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏകദേശം 100 ദശലക്ഷം വര്‍ഷത്തിലധികമായി ഉറുമ്പുകള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്. ഇതുവരെ 15,700 ത്തിലധികം സ്പീഷീസുകളില്‍പെട്ട ഉറുമ്പുകളെ കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ ശാസ്ത്രം പേര് നല്‍കാത്ത സ്പീഷീസുകളില്‍പെട്ട ഉറുമ്പുകളും ഉണ്ട്.
Discussion about this post