വയനാടിന്റെ പരിസ്ഥിതിക്ക് പ്രശ്നം സൃഷ്ടിച്ച് മഞ്ഞക്കൊന്ന വ്യാപിക്കുന്നു. വന്യജീവി സങ്കേതത്തിന്റെ 10 ശതമാനത്തിലധികം പ്രദേശത്ത് മഞ്ഞക്കൊന്ന പിടിമുറുക്കി കഴിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തില്‍ കേരള വനഗവേഷണ കേന്ദ്രം കണ്ടെത്തിയത് 22 ഇനം അധിനിവേശ സസ്യങ്ങളെയാണ്. ഇതില്‍ തന്നെ വനത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണ് സെന്ന സ്പെക്ടബിലിസ് എന്ന ശാസ്ത്രീയ നാമമുള്ള സ്വര്‍ണ്ണക്കൊന്ന.
അതിവേഗം മുത്തങ്ങയടക്കമുള്ള വയനാടന്‍ കാടുകളില്‍ രക്ഷസ കൊന്നയെന്നും വിളിപ്പേരുള്ള വൃക്ഷം പടരുകയാണ്. അധിനിവേശ സസ്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുമെന്ന മുന്‍ വനം വകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഇന്ന് കോടികള്‍ മുടക്കിയാല്‍ പോലും പൂര്‍ണ്ണമായും രക്ഷസകൊന്നയെ നിര്‍മാര്‍ജ്ജനം ചെയ്യുക സാധ്യമല്ലെന്നണ് പഠനങ്ങള്‍ പറയുന്നത്.
വയനാട് വന്യജീവി സങ്കേതത്തില്‍ മഞ്ഞകൊന്ന നിര്‍മ്മാര്‍ജ്ജനം നടന്നുവന്നിരുന്നുവെങ്കിലും ഒരു വര്‍ഷത്തിലേറെയായി ഇത് മുടങ്ങികിടക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രിലിലാണ് മഞ്ഞകൊന്ന നിര്‍മ്മാര്‍ജനം പൂര്‍ണമായി നിലച്ചത്.
മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയ്ഞ്ചില്‍ മാത്രമാണ് നിലവില്‍ മഞ്ഞകൊന്നയുടെ സാന്നിധ്യമില്ലാത്തത്.
മഞ്ഞകൊന്നയുടെ വ്യാപനം വനമേഖലയ്ക്കുണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ ഇല്ലാതാക്കുന്ന ഈ സസ്യം നിര്‍ജലീകരണത്തിനും കാരണമാവുന്നു. ഇതിന്റെ ഇലയോ കമ്പോ ഒരു ജീവിയും സ്പര്‍ശിക്കില്ല. വ്യാപകമായി പൂക്കുമ്പോള്‍ പോലും ഒരു തേനീച്ച പോലും ഈ സസ്യത്തിന് സമീപത്തേക്കെത്തില്ല. ഈ സസ്യത്തിന്റെ ചുവട്ടിലും മറ്റും മറ്റൊന്നിനും വളരാനുമാവില്ല.
30 അടിയോളം ഉയരത്തില്‍ വളരുന്ന മരത്തില്‍ ഒമ്പതിനായിരം വരെ വിത്തുകളാണുണ്ടാകുക. ഇതില്‍ ഭൂരിഭാഗവും മണ്ണില്‍ വീണ് കിളര്ക്കുകയും ചെയ്യും. മുറിച്ചുകളഞ്ഞാല് പോലും വേരില്‍ നിന്നും നൂറ് കണക്കിന് മുളകള്‍ പൊട്ടി വീണ്ടും തളിര്ത്തുകയറും. അതുകൊണ്ട് തന്നെ മഞ്ഞകൊന്നയുടെ ചെടികള്‍ വേരോടെ പിഴുതുമാറ്റി വീണ്ടും കിളിര്‍ക്കാത്ത രീതിയില്‍ തലകുത്തനെ കുഴിച്ചിരുന്ന രീതിയായിരുന്നു നിര്‍മ്മാര്‍ജ്ജനത്തിനായി അവലംബിച്ചത്.
വളര്ച്ചയെത്തിയവയുടെ തോല് ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയും മഞ്ഞകൊന്നയെ നശിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം നിലച്ചതോടെ വീണ്ടും ഈ സസ്യത്തിന്റെ വ്യാപനമുണ്ടാകുകയായിരുന്നു. അധിനിവേശ സസ്യങ്ങള്‍ വനത്തിന്റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിക്കുമ്പോഴും ഇവ നിര്‍മാര്‍ജന ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഇല്ല. മഞ്ഞക്കൊന്നയുടെ വളര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Discussion about this post