അങ്കമാലി: നടുറോഡിലെ കുഴി വീണ്ടും സാധാരണക്കാരന്റെ ജീവനെടുത്തു. ദേശീയപാതയില്‍ നെടുമ്പാശേരിയിലാണ് സംഭവം. എംഎഎച്ച്എസ് സ്കൂളിന് സമീപം നടന്ന അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എഎ ഹാഷിമാണ് (52) മരിച്ചത്.
അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയില്‍ പെട്ടാണ് ഹാഷിമിന്റെ മരണം. ഇതൊരു സ്ഥിരം അപകട സ്ഥലമാണ്.
Discussion about this post