തിരുവനന്തപുരം: ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന സീറ്റില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നതായി ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സദാചാര ഗുണ്ടകള്‍ക്ക് ചുട്ട മറുപടി നല്കി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം.
ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ മറുപടി പ്രതിഷേധം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലായത് കണ്ടത്.
എന്നാല്‍ ആദ്യം വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവം എന്ന് മനസിലായില്ല. പിന്നാലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് മനസിലായതോടെയാണ് പ്രതിഷേധവുമായി കോളജിലെ വിദ്യാര്‍ഥികള്‍ എത്തിയത്.
ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. വിദ്യാര്‍ഥികളുടെ പ്രതിഷേധ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം പുറത്ത് അറിഞ്ഞപ്പോള്‍ സംഭവം ഇത്രയേറെ പിന്തുണ ലഭിക്കുമെന്ന് കരുതിയില്ലെന്ന് പ്രതിഷേധത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥി ആര്യ പറഞ്ഞു. പൊതുസമൂഹം കാര്യങ്ങള്‍ മനസിലാക്കുന്നതായും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
Discussion about this post