മലപ്പുറം: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറില്‍ കുരങ്ങന് മൂത്രമൊഴിച്ചതിനാല്‍ പരീക്ഷ ശരിക്ക് എഴുതാന്‍ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥി. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഷിഫ്ല കെ.ടിക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയത്. പരീക്ഷ വീണ്ടും എഴുതാന്‍ അവസരം നല്‍കണമെന്നാണ് ഷിഫ്ലയുടെ ആവശ്യം.
കഴിഞ്ഞ മാസം 24 ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷക്കിടെയാണ് സംഭവം. പരീക്ഷ ഹാളില്‍ ഏറ്റവും പിറകിലെ ബെഞ്ചിലിരുന്ന് പരീക്ഷ എഴുതുകയായിരുന്നു ഷിഫ്ല. ഇടയ്ക്ക് ടീച്ചര്‍ മൊബൈലില്‍ എന്തോ പകര്‍ത്തുന്നത് കണ്ട് നോക്കിയപ്പോഴാണ് മുകളില്‍ കുരങ്ങനിരിക്കുന്നത് കണ്ടത്. പെട്ടെന്ന് തന്റെ ഉത്തര കടലാസിലേക്ക് കുരങ്ങന് മൂത്രമൊഴിച്ചു. ഉത്തരക്കടലാസും ഹാള്‍ ടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോള്‍ ആദ്യം വേറെ ചോദ്യപേപ്പര്‍ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നെ പ്രിന്‍സിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പര്‍ കിട്ടിയപ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരുന്നു.
നഷ്ടപ്പെട്ട സമയം അധികം നല്കിയതുമില്ലെന്നാണ് ഷിഫ്ലയുടെ പരാതി. ഇത്ര സമയമേ തരാന്‍ പറ്റൂ എന്നായിരുന്നു ഇന്‍വിജിലേറ്ററുടെ നിലപാട്.
‘ഇക്കാര്യം പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും വിദ്യാര്‍ഥിനി പറയുന്നു. ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്മാന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post