കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിനെതിരെ ശൂരനാട് സ്വദേശിയാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷം അടിവസ്ത്രം മുഴുവന്‍ ഊരിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന.
ഇത്തരം നടപടി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ രണ്ടു മുറി ഒരുക്കിയിരുന്നതായും ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറല്‍ എസ്പിക്ക് നല്കിയ പരാതിയില്‍ സൂചിപ്പിക്കുന്നു.
Discussion about this post