തിരുവനന്തപുരം: തന്നെ വെട്ടിയ പ്രതിയെ സാഹസികമായ കീഴ്പ്പെടുത്തി എസ്ഐ. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ വിആര്‍ അരുണ്‍ കുമാറിനെയാണ് സുഗതന് എന്നയാള്‍ വെട്ടിയത്. പരിക്കേറ്റെങ്കിലും ഇയാളെ സാഹസികമായി അരുണ്‍ കീഴ്പ്പെടുത്തുകയായിരുന്നു.
റോഡരികില്‍ ബൈക്കി നിര്‍ത്തി, കയ്യില്‍ കരുതിയവെട്ടുകത്തിയെടുത്ത് എസ്ഐക്ക് നേരെ വെട്ടുകയായിരുന്നു. എസ്ഐ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതും പെട്ടെന്ന് വാഹനത്തില്‍ നിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ എസ്ഐ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നു. അടുത്തുള്ള സൈക്കിളിലേക്ക് ഇരുവരും മറിഞ്ഞുവീഴുന്നതിന് പിന്നാലെ എസ്ഐ ഇയാളെ കീഴ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
പൊലീസ് ഒഫീഷ്യല്‍ പേജില്‍ വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പ്
വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ് ഐ
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള് ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര് അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന് (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ വട്ടം വെച്ചു . ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള് ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.
Discussion about this post