ഇടുക്കി: റോഡരികില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്കുളം പുത്തന്‍പുരക്കല്‍ ചന്ദ്രനെ ഇന്നലെ രാവിലെ ഡാമിന് സമീപം റോഡു വക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് ചെങ്കുളം സ്വദേശി നാലാനിക്കല്‍ ജിമ്മി(28)യെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചന്ദ്രന് വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാന്‍, അതുവഴി വന്ന ജിമ്മിയുടെ ബൈക്കില്‍ കൈകാണിച്ച് കയറിപ്പോയിരുന്നു. വഴിമധ്യേ ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാനോ നാട്ടുകാരെ അറിയിക്കുവാനോ തയ്യാറാവാതെ ജിമ്മി ബൈക്കില്‍ കടന്നു കളഞ്ഞു.
ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നാട്ടുകാരനായ ജിമ്മിയെ പോലീസ് ഇന്ന് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളത്തൂവല്‍ സിഐആര് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Discussion about this post