മറ്റുള്ളവര്‍ക്കും തണലാകുന്ന നിരവധി മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അങ്ങനെയൊരാളാണ് ഹരിയാന റോഡ്വേസിലെ ബസ് കണ്ടക്ടറായ സുരേന്ദ്ര ശര്‍മ്മ. വേനല്‍ ചൂടില്‍ വലയുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നല്‍കിയാണ് സുരേന്ദ്ര ശര്‍മ്മ ശ്രദ്ധേയനാകുന്നത്. സംഭവം സോഷ്യല്‍മീഡിയയിലിപ്പോള്‍ വൈറലാണ്.
12 വര്‍ഷം മുമ്പാണ് സുരേന്ദ്ര ശര്‍മ്മ സര്‍വീസില്‍ ചേരുന്നത്. അന്നുമുതല്‍ ഒരു ഗ്ലാസ് വെള്ളം നല്‍കിയാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ വെള്ളം എപ്പോഴും ബസില്‍ കരുതിവെക്കാറുണ്ട്. തീരുന്ന മുറയ്ക്ക് ശര്‍മ്മ തന്നെ നിറച്ചുവയ്ക്കും.
ബസിലെ യാത്രക്കാര്‍ക്ക് വെള്ളം നല്കുന്ന കണ്ടക്ടറുടെ ചിത്രവും കഥയും ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറലാകുകയും ചെയ്തു. ”ബസില്‍ കയറുമ്പോള്‍ തന്നെ കുടിവെള്ളം നല്കി ആളുകളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു. ഭാലി ആനന്ദ്പൂര്‍, റോഹ്തക്കിന്റെ സഹോദരന് സുരേന്ദ്ര ശര്‍മ്മ എല്ലാവര്ക്കും പ്രചോദനമാണ്”- ഹരിയാനയില്‍ നിന്നുള്ള രാജ്യസഭാ എംപി ദീപേന്ദര്‍ സിംഗ് ഹൂഡ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post