തിരുവനന്തപുരം: അതിജീവിത നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെ രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റില്‍ വെച്ചാകും കൂടിക്കാഴ്ച. സര്‍ക്കാറിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്.
സര്‍ക്കാറിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നല്കി കേസ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്. സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ ഹര്‍ജിയില്‍ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമയപരിധി നീട്ടാന്‍ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന് ഇന്ന് വ്യക്തമാക്കി.
Discussion about this post