ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തേക്ക് കുരങ്ങുപനി പടരുന്നതിന്റെ ആശങ്കകള്‍ക്കിടെ സമ്പര്‍ക്കമില്ലാത്തവരില്‍ പോലും രോഗം വ്യാപിക്കുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വൈദ്യലോകം. ആഫ്രിക്കയ്ക്ക് പുറത്ത് 12 ഓളം രാജ്യങ്ങളില്‍ ഇതിനകം രോഗം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 80 കേസുകളാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. പലതും രോഗികളുമായോ രോഗസാഹചര്യവുമായോ സമ്പര്‍ക്കം ഉണ്ടാകാത്ത വ്യക്തികളിലാണ്. ഇതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ലോകാരോഗ്യ സംഘടന.
മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഏറ്റവും സാധാരണമായ വൈറസ് ബാധയാണ് മങ്കിപോക്സ് അല്ലെങ്കില്‍ കുരുങ്ങുപനി. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പടെ രോഗം എങ്ങനെ പടര്‍ന്നുപിടിച്ചു എന്നതാണ് ഡബ്ല്യുഎച്ച്ഒ യെ ചിന്തിപ്പിക്കുന്നത്. കോവിഡ് പോലെ വ്യാപന ശേഷികൂടിയ രോഗമല്ല മങ്കിപോക്സ്. അപൂര്‍വ്വമായി മാത്രമേ മാരകാവസ്ഥയിലേക്ക് രോഗിയെ രോഗം എത്തിക്കാറുള്ളു.
മൂന്ന് ശതമാനത്തില്‍ താഴെ മാത്രം വ്യാപനശേഷിയുള്ള രോഗമാണ് കുരങ്ങുപനി. എന്നിട്ടും മിക്കരാജ്യങ്ങളിലും പത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഗുരുതരമായി സ്ഥിതിവിശേഷമായി വൈദ്യശാസ്ത്രലോകം കാണുന്നു. മറ്റൊരാളിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വിധത്തില്‍ വൈറസ് പരിവര്‍ത്തനം ചെയ്തിരിക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. കാരണം വ്യക്തമല്ലാത്ത അനിയന്ത്രിത വ്യാപനം അപകടകരമായ ആരോഗ്യാവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്ന ആശങ്കയും ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.
Discussion about this post