ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.
പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
1991ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്. അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ 1998 ജനുവരി 28ന് പ്രതികളായ 26 പേര്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ പരിഗണിച്ച് 1999 മെയ് 11ന് മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്തുവെങ്കിലും നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയുമായിരുന്നു. 2000ല്‍ സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്നു സമര്‍പ്പിച്ച ദയാഹര്‍ജി 2011നാണു രാഷ്ട്രപതി തള്ളിയത്. 2014ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പേരറിവാളന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് നേരത്തെയുള്ള ജയില്‍മോചനം ആവശ്യപ്പെട്ട് പേരറിവാളന്‍ അപ്പീല്‍ നല്‍കിയത്.
Discussion about this post