മന്ത്രി ആന്റണി രാജുവിന് ഒരാഗ്രഹം, തന്റെ വകുപ്പ് ഒന്ന് വച്ചുമാറിയാലോ എന്ന്. ദേവസ്വം, പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണനോട് ഇക്കാര്യം പൊതുവേദിയില്‍ത്തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു. എന്നാല്‍, ‘വേണ്ട വേണ്ട, നമ്മളെ പെടുത്താനുള്ള പരിപാടിയാണിത്’ എന്നായിരുന്നു കെ.രാധാകൃഷ്ണന്റെ നര്‍മ്മം കലര്‍ന്ന മറുപടി. തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്വച്ചു നടന്ന സാംസ്കാരിക വകുപ്പിന്റെ പരിപാടിയിലായിരുന്നു രസകരമായ സംഭവം.
തനിക്ക് പട്ടികക്ഷേമ വകുപ്പ് ലഭിച്ചപ്പോള്‍ പലരും പരിഹസിച്ചെങ്കിലും അഭിമാനത്തോടെയാണ് താന്‍ വകുപ്പ് ഏറ്റെടുത്തതെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ വകുപ്പുകള്‍ വെച്ചുമാറാന്‍ തയ്യാറാണെന്നായിരുന്നു വേദിയിലിരുന്ന മന്ത്രി ആന്റണി രാജു പറഞ്ഞത്. കെ.എസ്.ആര്.ടി.സി.യുടെ കുടുക്കില്‍നിന്ന് ഊരാനുള്ള ശ്രമമാണെന്ന് മന്ത്രി സജി ചെറിയാന്റെ കമന്റ് പിന്നാലെ വന്നു. അങ്ങനെ തന്നെ പെടുത്താന്‍ നോക്കണ്ടായെന്ന രാധാകൃഷ്ണന്റെ മറുപടികൂടി വന്നതോടെ വേദിയിലും സദസ്സിലും ചിരിയുയര്‍ന്നു.
കാലങ്ങളായുള്ള അടിച്ചമര്‍ത്തല്‍കൊണ്ട് പിന്തള്ളപ്പെട്ട ഒരു ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരുന്നതില്‍ പങ്കുവഹിക്കുകയെന്നത് അഭിമാനംനല്‍കുന്ന പ്രവൃത്തിയാണെന്നും രാധാകൃഷ്ണന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ വി.എസ്. സനോജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അരിക്’ എന്ന സിനിമയുടെ സ്വിച്ചോണ്‍ കര്‍മമാണ് കലാഭവന്‍ തിയേറ്ററില്‍ നടന്നത്. അരുണ്‍ ജെ. മോഹന്‍ സംവിധാനംചെയ്യുന്ന ‘പിരതി’ ആണ് രണ്ടാമത്തെ ചിത്രം. ഒരോ സിനിമയ്ക്കും ഒന്നരക്കോടി രൂപ വീതമാണ് കെ.എസ്.എഫ്.ഡി.സി. മുടക്കുന്നത്.
Discussion about this post