കൊല്ലം: കൊട്ടിയം തഴുത്തലയില്‍ കിണറിന്റെ അറ്റകുറ്റ പണിക്കിടയില്‍ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ ആള് മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്. 24 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കാനായത്. സുധീറിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ പുഞ്ചിരിച്ചിറ വയലിന് സമീപം ബെന്‍സിലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലാണ് അപകടം നടന്നത്. അറുപത് അടി താഴ്ചയുള്ള കിണറിന്റെ ആഴം കൂട്ടുന്നതിന് വേണ്ടി കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഇറക്കുന്നതിന് ഇടയിലായിരുന്നു മണ്ണ് ഇടിഞ്ഞ് വീണത്. ഏറ്റവും താഴത്തെ റിംഗ് പൊളിഞ്ഞു വീണതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സുധീറിന്റെ ദേഹത്തേക്ക് രണ്ടാമത്തേയും മൂന്നാമത്തേയും റിംഗുകള്‍ പൊടുന്നനെ പൊളിഞ്ഞു വീഴുകയായിരുന്നു.
കിണറിന്റെ പകുതിയില്‍ അധികം ഭാഗവും ഇടിഞ്ഞ നിലയില്‍ സുധീറിനെ രക്ഷിക്കാനായി അഗ്നിശമനസേനാ അംഗങ്ങള്‍ എത്തിയെങ്കിലും ഇവര്‍ മണ്ണ് മാറ്റാന്‍ തുടങ്ങിയതിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ രക്ഷപ്രവര്‍ത്തനം നിര്‍ത്തിവച്ചു. മണ്ണ് മാന്തി എത്തിച്ചാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കിണറിന് സമാന്തരമായി മറ്റൊരു കുഴികൂടി എടുത്താണ് ഇന്ന് രാവിലെ സുധീറിന്റെ മൃതദേഹം പുറത്തേക്ക് എടുക്കാനായത്.
Discussion about this post