ചെന്നൈ: യുവ ടേബിള്‍ ടെന്നീസ് താരവും തമിഴ്നാട് സ്വദേശിയുമായ വിശ്വ ദീനദയാലന് (18) വാഹനാപകടത്തില്‍ മരിച്ചു. 83ാമത് സീനിയര്‍ ദേശീയ അന്തര്‍ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ വിശ്വ ദീനദയാലന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നുവെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) അറിയിച്ചു.
ടീം അംഗങ്ങളായ രമേശ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നാജി ശ്രീനിവാസന്, കിഷോര്‍ കുമാര്‍ എന്നിവരോടൊപ്പമായിരുന്നു വിശ്വയുടെ യാത്ര. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്സി കാറില്‍ എതിര് ദിശയില്‍നിന്നു വന്ന ട്രെയിലര്‍ ഇടിക്കുകയായിരുന്നുവെന്ന് ടി.ടി.എഫ്.ഐ പറഞ്ഞു.
അപകടത്തില്‍ ടാക്സി ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ വിശ്വയെ നോര്‍ത്ത് ഈസ്റ്റിലെ ഇന്ദിരാ ഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post