തന്റെ എല്ലാ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടിരിക്കുകയാണ് ഡെറാഡൂണില്‍ നിന്നുള്ള പുഷ്പ മുഞ്ജിയാല്‍ എന്ന വയോധിക. സ്വത്തിന്റെ രേഖ കോണ്‍ഗ്രസ് നേതാവിന് കൈമാറിയ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ ആശയങ്ങള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഞ്ജിയല്‍ പറഞ്ഞതായി കോണ്‍ഗ്രസ് മെട്രോപൊളിറ്റന്‍ പ്രസിഡന്റ് ലാല്‍ചന്ദ് ശര്‍മ്മ പറഞ്ഞു.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി തങ്ങളുടെ ജീവന് ബലിയര്‍പ്പിച്ചവരാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാഷ്ട്ര സേവനത്തിനായി സ്വയം സമര്‍പ്പിച്ചവരാണ്. ഇത് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും പുഷ്പ മുഞ്ജിയല്‍ പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സ്വത്തും സമ്പാദ്യവും രാഹുലിന് നല്‍കാനുള്ള വില്‍പ്പത്രം കഴിഞ്ഞ ദിവസം പുഷ്പ ഡെറാഡൂണ്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.
ഡെറാഡൂണിലെ കണ്ണായ സ്ഥലത്തെ നല്ല മൂല്യമുള്ള സ്വത്തുവകകളും സ്വര്‍ണാഭരണങ്ങളുമാണ് രാഹുലിന്റെ പേരില്‍ പുഷ്പ എഴുതിവെച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡെറാഡൂണിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായിരുന്നു പുഷ്പ. 15 വര്‍ഷം മുമ്പ് സ്വമേധയാ വിരമിച്ച് സഹോദരിമാര്‍ക്കൊപ്പമായിരുന്നു താമസം. നേത്രശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി ഏറക്കുറെ നഷ്ടമായി. തുടര്‍ന്നിപ്പോള്‍ ഒരു വൃദ്ധസദനത്തിലാണ് താമസം. അവിടെ ജീവിതം സുഖകരമെന്ന് പുഷ്പ പറയുന്നു.
Discussion about this post