വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് ഇന്സ്റ്റലേഷന് ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴിയോ കോള്‍ വഴിയോ അയക്കുന്ന 6അക്ക OTP ആവശ്യമാണ്. എന്നാല്‍ ഈ ആറക്ക ഒടിപി സൈബര്‍ തട്ടിപ്പുകാര്‍ കോള്‍ മുഖാന്തരവും എസ്എംഎസിലൂടെയും കരസ്ഥമാക്കി വാട്സ്ആപ്പ് നിയന്ത്രണം കൈവശപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ നമ്മള് ജാഗ്രത പാലിക്കേണ്ടതാണെന്ന് കേരള പോലീസ് അറിയിച്ചു.
തട്ടിപ്പിന്റെരീതി:
കോളിലൂടെ ഒടിപി ആവശ്യപ്പെടുകയും അതിലൂടെ വാട്സ്ആപ്പിന്റെ പൂര്‍ണ്ണനിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യുന്നു.
ഉപഭോക്താവിന് അപരിചിതമായ ഒരു നമ്പറില്‍ നിന്നും വാട്സ്ആപ്പ് സപ്പോര്‍ട്ട് സര്‍വ്വേ എന്ന പേരില്‍ ഒരു കോള്‍ ലഭിക്കുന്നു.
ഉപഭോക്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന അതേസമയം തന്നെ തട്ടിപ്പുകാര്‍ വാട്സ്ആപ്പ് രജിസ്ട്രേഷന് പ്രോസസ് ചെയ്യുവാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നും ചെയ്യുന്നു.
കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്സ് ആപ്പ് ആക്ടിവേഷന് ഓപ്ഷന് തിരഞ്ഞെടുക്കുകയും, ചില കാരണങ്ങളാല്‍ ഉപഭോക്താവിനോട് തങ്ങളുടെ കോള്‍ ലയിപ്പിക്കുവാന്‍ (merge call) തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ ലയിപ്പിക്കുന്ന കോളിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പുകാര്‍ പുതിയ ഒരു വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിക്കുന്നു
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടിലൂടെ നിരവധി സൈബര്‍കുറ്റകൃത്യങ്ങള്‍ തട്ടിപ്പുകാര്‍ ചെയ്യുന്നു.
എസ്എംഎസിലൂടെ വാട്സാപ്പിന്റെനിയന്ത്രണം കൈവശപ്പെടുത്തുക.
ഉപഭോക്താവിനെ തട്ടിപ്പുകാര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടുകയും തങ്ങള്‍ക്ക് എസ്എംഎസിലൂടെ ലഭിച്ച ഒടിപി ഷെയര്ചെയ്യുവാനും ആവശ്യപ്പെടുന്നു. അതിനുശേഷം തട്ടിപ്പുകാര്‍ ഒടിപി ഉപയോഗിച്ച് വാട്സ്ആപ്പ് തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുകയും വാട്ട്സാപ്പ് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ വാട്സാപ്പിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും തട്ടിപ്പുകാര്‍ കൈവശപെടുത്തുന്നു. ഇത്തരത്തില്‍ വാട്സാപ്പിലെ നിയന്ത്രണം കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ നിരവധി സാമ്പത്തിക തട്ടിപ്പുകളും മറ്റു സൈബര്‍ കുറ്റകൃത്യങ്ങളും നടത്തുന്നു.
ഉപഭോക്താവിനെ വ്യക്തിവിവരങ്ങളും മറ്റുമുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നു. സ്റ്റാറ്റസ്, മെസേജ് എന്നിവ ഇവര്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഉപഭോക്താവിനെ വ്യക്തിഹത്യ നടത്തുന്നു.
എങ്ങനെ ഇത്തരം തട്ടിപ്പുകളില്‍ നിന്നും നമുക്ക് രക്ഷ നേടാം:
Two-FactorAuthentification ഓണ്‍ ചെയ്ത് വയ്ക്കുക, അതുപോലെതന്നെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാന്‍ കഴിയുമെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം. സാമ്പത്തികസഹായമോ അല്ലെങ്കില്‍ മറ്റു സഹായമോ നിങ്ങളുടെ പേരില്‍ ആരെങ്കിലും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ മെസ്സേജ് അയച്ച് ആവശ്യപ്പെടുകയാണെങ്കില് അത് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം തിരിച്ചു മറുപടി നല്കുകയെന്നു നിങ്ങള്‍ അവരോട് പറഞ്ഞു മനസ്സിലാക്കേണ്ടതാണ്.
വാട്സാപ്പുമായിബന്ധപ്പെട്ട്നിങ്ങള്ക്ക് എന്തെങ്കിലും പരാതിഉണ്ടെങ്കില് അത് എത്രയും പെട്ടെന്ന് തന്നെ ഈമെയില്‍ വഴി വാട്സ്ആപ്പ് കസ്റ്റമര്‍ കെയറില്‍ അറിയിക്കേണ്ടതാണ്. ഇത്തരം തട്ടിപ്പിനിരയായാല്‍ ഉടനെ cybercrime.gov.in എന്നവെബ് പോര്‍ട്ടലില്‍ ബന്ധപ്പെടുക.
Discussion about this post