ചെറിയ ഇടവേളയ്ക്ക് ശേഷം ഭൂതകാലം എന്ന സിനിമയിലൂടെ അതിഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയാണ് ഭൂതകാലം.ഷെയ്ൻ നിഗത്തോടൊപ്പം രേവതിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സോണി ലൈവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
ഭൂതകാലം സിനിമയിലെ പ്രകടനത്തിന് ഷെയ്ന് നിഗത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സമയത്ത് തന്നെ വെയില് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തില്‍ അന്നുണ്ടായ പ്രശ്നങ്ങളോടുള്ള തന്റെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് ഷെയ്ന് സംസാരിച്ചു.
അന്നത്തെ വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചുവോ എന്നായിരുന്നു ഷെയ്നോടുള്ള ചോദ്യം. ‘ഷെയ്ന് ഇപ്പോള്‍ കുഴപ്പമില്ലാത്ത ഒരു സ്പേസിലെത്തി’ എന്ന് പറയാനാകുമോയെന്നും ചോദ്യത്തിലുണ്ടായിരുന്നു.
‘ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ വലിയ വിവാദമായി തീരുകയായിരുന്നു. തുടര്‍ന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. അതേ കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ ഈ അഭിമുഖത്തിന്റെ സമയം മുഴുവനുണ്ടായാലും മതിയാകില്ല.അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം. പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു,’ എന്നാണ് ഷെയ്ന് പറഞ്ഞത്.
ഷെയ്ന് നിഗത്തിന്റെ അമ്മ സുനില ഹബീബ്, സംവിധായകന് അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷെയ്ന് നിഗം ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ഷെയ്ന് നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.
Discussion about this post