കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സംവിധായകന് റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ജീവനക്കാരെയും വിളിപ്പിച്ചിരുന്നു.
അതേസമയം ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയില്‍ നിന്ന് പിന്മാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാര്‍ തന്നെയാണെന്ന് സംവിധായകന് റാഫി പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസില്‍ മൊഴി നല്‍കിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു റാഫി.
ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്റെ സിനിമ നീണ്ട് പോകുന്നതില്‍ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു.
ദിലീപിനെ നായകനാക്കി ചിത്രീകരിക്കാനുദ്ദേശിച്ചാണ് ബാലചന്ദ്രകുമാര്‍ സിനിമക്ക് തിരക്കഥയെഴുതിയത്. പിക് പോക്കറ്റ് എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ മിനുക്ക് പണിക്കായി 2018 ലാണ് തന്റെ കൈവശം ഏല്‍പ്പിക്കുന്നത്. ഇതേ സമയത്ത് പറക്കും പപ്പന് എന്ന പേരില്‍ ദിലീപിനെ വെച്ച് മറ്റൊരു സിനിമയ്ക്കും താന്‍ തിരക്കഥ തയ്യാറാക്കുന്നുണ്ടായിരുന്നു. ആനിമേഷന്‍ വര്‍ക്കുകള്‍ കൂടുതലുള്ള ചിത്രമായതിനാല്‍ പറക്കും പപ്പന് എന്ന സിനിമ ആദ്യം തീര്‍ക്കാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും പിക് പോക്കറ്റ് ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും റാഫി പറഞ്ഞു. ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ച് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞത് ഈയടുത്ത കാലത്താണെന്നും റാഫി പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന് റാഫി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്കി. സംവിധായകന് ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്നാണ് കേസ് അന്വേഷിക്കുന്ന എസ്പി അറിയിച്ചത്. അതേ സമയം തന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായി റാഫി വിശദീകരിച്ചു.
Discussion about this post