തിരുവനന്തപുരം: കൊലപാതകക്കേസിലെ പ്രതി മരിച്ചെന്ന വക്കീല്‍ കോടതിയെ അറിയിച്ചതനുസരിച്ച് പ്രതിയുടെ മരണസര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തിയ പോലീസിന് മുന്നില്‍ പ്രതി ജീവനോടെ. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനെ തെരഞ്ഞെത്തിയ വിഴിഞ്ഞം പോലീസിന് മുന്നിലാണ് പ്രതി പെട്ടത്.
കൊലപാതക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഇയാള്‍ ഹാജരാകാതെയിരിക്കുകയായിരുന്നു. പ്രതി മരിച്ചുപോയെന്ന് വക്കീല്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് പോലീസ് ഇത് തെരഞ്ഞ് പോയതും പ്രതി പിടിയിലായതും.
2017-ലെ കൊലപാതക്കേസിലെ പ്രതിയാണ് ഇയാള്‍. വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററില്‍ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ടാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോണ്സണ്, മുഹമ്മദാലി, സീനു മുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സീനു മുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
സഹപ്രതികള്‍ അടക്കം ആരുമായും ബന്ധമില്ലാതിരുന്ന ഇയാള്‍ വിചാരണക്കും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കീല്‍ കോടതിയെ അറിയിച്ചത്.. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post