സൂപ്പർ ഹിറ്റ് സിനിമയായ മിന്നൽ മുരളിക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. സിനിമയുടെ റിലീസ് തീയതി മാറ്റി. ഒമിക്രോൺ ഭീതിയെ തുടർന്നാണ് ചിത്രത്തിന്റെ റീലീസ് മാറ്റി വച്ചത്. ഈ മാസം 27 നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. നേരത്തെ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ റിലീസും മാറ്റിയിരുന്നു. മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ആഷിഖ് അബുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിൽ ടൊവിനോ എത്തുന്ന ചിത്രം കൂടിയാണിത്.
സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഡിസംബർ 25 ന് പുറത്തിറങ്ങിയ ട്രെയ്ലറിൽ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു.
ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെത്തുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ട് ഗോകുൽ ദാസ്. ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Discussion about this post