കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണയാക വിവരങ്ങള്‍ പുറത്ത്. പ്രതി നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണെന്നാണ് വിവരം. കുഞ്ഞ് കാമുകന്റേതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം.
ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന് ആണ്. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.
ബാദുഷ വിവാഹ വാഗ്ദാനം നല്കി നീതുവിനെ വഞ്ചിച്ചു. മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാന്‍ ആയിരുന്നു നീതുവിന്റെ പദ്ധതി.ഇബ്രാഹിമില്‍ നിന്ന് നീതു ഗര്‍ഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു .
കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശില്പ വ്യക്തമാക്കിയിരുന്നു.പിന്നില്‍ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു
കുഞ്ഞുമായി താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ നീതു ടാക്സിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ആണ്‍സുഹൃത്ത് തരാനുള്ള 30 ലക്ഷം രൂപ തിരികെ വാങ്ങാനുള്ള തന്ത്രമായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കലെന്നു നീതു പൊലീസിനോടു പറഞ്ഞു. താന്‍ പ്രസവിച്ച കുഞ്ഞാണെന്നു വിശ്വസിപ്പിച്ചു പണം തിരികെ വാങ്ങാനായിരുന്നു പദ്ധതിയെന്നാണ് മൊഴി.
Discussion about this post