ചെന്നൈ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ ഭൗതിക ശരീരവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കൂനൂരില്‍ നിന്ന് സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഊട്ടി ചുരമിറങ്ങുമ്പോള്‍ വാഹനം അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സുരക്ഷയൊരുക്കി അകമ്പടിപോയ പോലീസ് വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പുറകെ വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി യാത്ര തുടര്‍ന്നു.
വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര. പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, വ്യോമസേന മേധാവി വി ആര് ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാര്‍. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് പുറപ്പെടും.
Discussion about this post