കൂനൂര്‍: കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. അപകടത്തില്‍ പരിക്കേറ്റ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ജനറല്‍ റാവത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത വ്യോമസേന, അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു.
സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ സംസാരിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. 12.20-ഓടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലിപാഡിന് 10 കിലോമീറ്റര്‍ ദൂരത്താണ് ദുരന്തം സംഭവിച്ചത്.
സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.
അതേസമയം കോയമ്പത്തൂരില്‍ നിന്ന് ഉന്നതതല മെഡിക്കല്‍ സംഘം ഊട്ടിക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തു.
Discussion about this post