കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. ബെംഗളുരുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബെംഗളുരുവില്‍ ഒരു മലയാളി കച്ചവടക്കാരന് ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. അമ്മയുമായി വഴക്കിട്ട് ഒമ്പതാംക്ലാസ്സുകാരി ഇന്നലെ ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങിയത്. ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്നേഹമെന്നും, തന്നോട് ഇഷ്ടമില്ലെന്നും പറഞ്ഞാണ് കുട്ടി വഴക്കിട്ടിറങ്ങിയത്.
ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്. ഒരു ചെറിയ ബാഗ് മാത്രമാണ് പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുസി കോളജിന് സമീപത്തു നിന്നും പറവൂര്‍ക്കവലയിലേക്ക് പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടയിലാണ് ബെംഗളുരുവിലുള്ള ഒരു മലയാളി കച്ചവടക്കാരന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഫോണ്‍ വരുന്നത്. സംശയകരമായ സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിയെ റോഡില്‍ നില്‍ക്കുന്നത് കണ്ടെന്നും, തിരികെ കൊണ്ടുവരാന്‍ എത്തണമെന്നുമായിരുന്നു സന്ദേശം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post