തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രവീണയുടെ പരാതിയിലാണ് അറസ്റ്റ്.
നഗ്നചിത്രങ്ങളില്‍ മലയാള സീരിയല്‍-സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വെച്ചാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. പ്രവീണയും കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളടക്കം ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പ്രവീണ പരാതി നല്‍കിയത്. നാല് മാസം മുമ്പായിരുന്നനു പരാതി നല്‍കിയത്.
എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന് ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ ഫോണ്‍ വിളിച്ചുവെന്ന് പ്രവീണ പറയുന്നു. താന്‍ സൈബര്‍ ഇടങ്ങളില്‍ അത്ര സജീവമല്ല. അതുകൊണ്ട് അയാളുടെ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പിന്നാലെ ഇയാള്‍ അശ്ലീല ചിത്രങ്ങളില്‍ തന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാന്‍ തുടങ്ങി. സിനിമാ മേഖലകളിലെ തന്റെ സുഹൃത്തുക്കള്‍ക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ തന്നെ വിളിച്ച് പറയുകയായിരുന്നുവെന്നും പ്രവീണ പറയുന്നു. ഇങ്ങനെയാണ് താന്‍ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വൈരാഗ്യത്തോടെ ഇയാള്‍ വീണ്ടും ചെയ്തുവെന്നും പ്രവീണ പറഞ്ഞു.
Discussion about this post