തിരുവനന്തപുരം: കേരളം ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂല്യവര്‍ധിത നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമാണെന്ന് മന്ത്രി ആരോപിച്ചു. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു
മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വര്‍ധിപ്പിച്ച് 10 രൂപ കുറയ്ക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവന്‍ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോള്‍ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ട്. പ്രാഥമികമായി സംസ്ഥാനം ഇപ്പോള്‍ കുറച്ചിട്ടുണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post