തിരുവനന്തപുരം: ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞ റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവത്തില്‍ സസ്പെന്ഷന് നടപടി നേരിട്ട കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ പ്രതികരണവുമായി രംഗത്ത്.
ഫേസ്ബുക്കിലൂടെയാണ് ജയദീപിന്റെ പ്രതികരണം. പരിഹാസരൂപേണയാണ് പ്രതികരണം. ”കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്ത കൊണാണ്ടന്മാര് അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ…
മറ്റൊരു പോസ്റ്റ് ഇങ്ങനെ:
ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന് ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.
വാഹനത്തിന്റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവര്‍ പൂരിപ്പിച്ചു നല്കുന്ന ഫോം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട് ജയദീപ്.
പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്.
Discussion about this post