എല്ലാ ദിവസവും ഭാര്യ കുളിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹമോചനം തേടി യുവാവ്. ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ ചാന്ദൌസ് ഗ്രാമവാസിയായ യുവാവാണ് വിവാഹമോചനം തേടിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ക്വാര്‍സി ഗ്രാമവാസിയായ യുവതിയുമായുള്ള ഇയാളുടെ വിവാഹം.
വിവാഹ ബന്ധം സംരക്ഷിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇവര്‍ക്ക് ഒരു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയില്‍ യുവതി പറയുന്നു.ഇതേ തുടര്‍ന്ന് വനിതാ സംരക്ഷണ സെല്ലില്ലുള്ളവര്‍ ഭര്‍ത്താവുമായി ബന്ധപ്പെട്ടു. ഇതേ കാരണം തന്നെയായിരുന്നു അവരോടും ഭര്‍ത്താവ് പറഞ്ഞത്. ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കുതര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നാണ് യുവതിയുടെ ആവശ്യം. നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയാണ് വനിതാ സംരക്ഷണ സെല്‍.
Discussion about this post