പൂക്കോട് തടാകം മാസങ്ങള്‍ക്ക് ശേഷം തുറന്നു. നിയന്ത്രണങ്ങളോടെയാണ് പൂക്കോട് തടാകം സന്ദര്‍ശകര്‍ക്കായി തുറന്നത്. വാക്സിന് എടുത്തവര്‍ക്കാണ് പ്രവേശനം. കുട്ടികളോടൊപ്പം എത്തുന്ന മുതിര്‍ന്നവര്‍ക്ക് വാക്സിന് എടുത്ത രേഖ നിര്‍ബന്ധമാണ്.
തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാഭിത്തി തുടങ്ങി ചില പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.അതുകൊണ്ട് തന്നെ സന്ദര്‍ശകര്‍ക്ക് ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള നടത്തവും സൈക്ലിങ്ങും ഇപ്പോഴുണ്ടാകില്ല.
ചളി വാരിയതുമൂലം വീതികൂടിയ സ്ഥലങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളില്‍ വടംകെട്ടി സഞ്ചാരികളെ നിയന്ത്രിക്കും.
ഏപ്രില്‍ അവസാനത്തോടെയാണ് ലോക്ഡൗണിനെ തുടര്‍ന്ന് തടാകത്തിലേക്കുള്ള സന്ദര്‍ശകരെ നിരോധിച്ചത്. ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച തടാകത്തിലെ അറ്റകുറ്റപ്പണികളും ചളിയും പായല്‍ വാരലും ഈ കാലയളവില്‍ തുടങ്ങിയിരുന്നു.
പൂക്കോട് തടാകത്തിലെ മുഴുവന്‍ ജീവനക്കാരും വാക്സിന് എടുത്തിട്ടുണ്ട്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതായും ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. തടാകം തുറന്നതോടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post