അഹമ്മദാബാദ്: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച 11കാരി ഫ്ളോറ അസോദിയയെ ഒരു ദിവസത്തേക്ക് അഹമ്മദാബാദിന്റെ കളക്ടറാക്കി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫ്ളോറയുടെ ഏറ്റവും വലിയ ആഗ്രഹമാണ് കളക്ടറാകണമെന്ന്.
ഗാന്ധിനഗര്‍ സ്വദേശിനിയാണ് ഫ്ളോറ. കഴിഞ്ഞ മാസം ഫ്ളോറയ്ക്ക് ഒരു സര്‍ജറി നടത്തിയിരുന്നു. ഇതിന് പിന്നാലെ രോഗം മൂര്‍ച്ഛിച്ചു. മേക്ക് എ വിഷ് എന്ന ഫൗണ്ടേഷനില്‍ നിന്ന് കുട്ടിയുടെ സ്വപ്നത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് അഹമ്മദാബാദ് കളക്ടര്‍ സന്ദീപ് സാംഗിള്‍ പറഞ്ഞു.
ഫൗണ്ടേഷന്റെ അഭ്യര്‍ഥന പ്രകാരം കളക്ടര്‍ കുട്ടിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി മാതാപിതാക്കളെ ബന്ധപ്പെട്ടു. ‘ശസ്ത്രക്രിയക്ക് ശേഷം നില വഷളായതിനാല്‍ മാതാപിതാക്കള്‍ അവളെ ഒരുദിവസത്തേക്ക് കളക്ടര്‍ ആക്കുക എന്ന തീരുമാനത്തോട് ആദ്യം സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ സംസാരിച്ച് അവരെകൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു’- കളക്ടര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 25 ന് പിറന്നാള്‍ ആഘോഷിക്കുന്ന ഫ്ളോറയ്ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് കലക്ട്രേറ്റില്‍ നിന്ന് യാത്രയാക്കിയത്. ഫ്ളോറക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാകാനും ലക്ഷ്യം എത്തിപ്പിടിക്കാനും സാധിക്കട്ടേയെന്നും കളക്ടര്‍ ആശംസിച്ചു.
Discussion about this post