അബുദാബി: യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് നല്കിയ വാക്ക് പാലിച്ച് മോഹന്‍ലാല്‍. ഒരു വര്‍ഷം മുമ്പ് യുഎഇയിലുള്ള കോവിഡ് മുന്നണി പോരാളികളെ കാണാനെത്തുമെന്ന് മോഹന്‍ലാല്‍ വാക്ക് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ മോഹന്‍ലാല്‍ പാലിച്ചിരിക്കുന്നത്. അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് അദ്ദേഹം എത്തിയത്.
‘ലാലേട്ടാ, യു.എ.ഇ.യിലെത്തുമ്പോള്‍ ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ വരാമോ’, എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാലിന്റെ സന്ദര്‍ശനം വലിയൊരു സര്‍പ്രൈസായിരുന്നു. മോഹന്‍ലാലുമായി നഴ്സസ് ഡേയില്‍ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്സുമാര്‍ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.നിരവധിപേര്‍ ഓണ്‍ലൈനായും പങ്കെടുത്തു. ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്താന്, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരോഗ്യപ്രവര്‍ത്തകരെ നേരില്‍ കണ്ടു സംസാരിക്കാനായത് ജീവിതത്തിലെ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വി.പി.എസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
Discussion about this post