ന്യൂഡല്‍ഹി: രാജ്യത്തെ ഭിക്ഷാടനം കോടതി ഉത്തരവിലൂടെ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. ദാരിദ്ര്യം കൊണ്ടാണ് ആളുകള്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്നത്. പ്രമാണിവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടല്ല ഇക്കാര്യത്തില്‍ സുപ്രീംകോടതിക്ക് ഉള്ളതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
കൊവിഡ് ഭീഷണി തടയാന്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഭിക്ഷ യാചിച്ച് ജീവിക്കണം എന്ന് ആരും ആഗ്രഹിക്കുന്നവരല്ല. ദാരിദ്ര്യം കൊണ്ടാണ് ആളുകള്‍ ഭിക്ഷ യാചിക്കുന്നത്. ഒരു ഗതിയും ഇല്ലാത്ത അവസ്ഥയിലായിരിക്കും അത്. പ്രമാണിവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടിലൂടെ അവരെ നോക്കാന്‍ കോടതിക്ക് സാധിക്കില്ല. അവര്‍ക്ക് മുന്നില്‍ കണ്ണടയ്ക്കാനും കോടതിക്ക് കഴിയില്ല. വലിയൊരു സാമൂഹ്യ-സാമ്പത്തിക പ്രശ്നമായേ ഈ സാഹചര്യത്തെ കാണാന്‍ സാധിക്കൂ.
അതേസമയം ഭിക്ഷ യാചിക്കുന്നവരുടെ പുനരധിവാസവും അവര്‍ക്ക് വാക്സിന് നല്‍കാനുള്ള നടപടികളും പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീംകോടതി രണ്ടാഴ്ചക്കകം മറുപടി നല്കാന് ആവശ്യപ്പെട്ടു.
Discussion about this post