കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പോലീസില്‍ കീഴടങ്ങിയത്. അതേസമയം വിസ്മയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശനം നടത്തും.
നിലമേല്‍ സ്വദേശിനിയായ വിസ്മയയെ പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.
അതേസമയം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായും വിവരമുണ്ട്.
Discussion about this post