ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായിരുന്നു സുശീല്‍ കുമാര്‍.
കൊലപാതക കേസില്‍ ഒളിവിലായിരുന്ന സുശീല്‍ കുമാറും കൂട്ടാളികളും അറസ്റ്റിലായതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഡല്‍ഹി രോഹിണി കോടതി ഇവരെ ആറ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് 23കാരനായ സാഗര്‍ റാണെയെയും സുഹൃത്തുക്കളെയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്നു മര്‍ദിച്ചത്. ചികിത്സയിലിരിക്കേ സാഗര്‍ റാണ മരിച്ചു. ഒളിവില്‍ പോയ സുശീല്‍ കുമാറിനെയും കൂട്ടാളി അജയ് കുമാറിനെയും ഡല്‍ഹി മുണ്ടകയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
Discussion about this post