ഇന്ത്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഓസീസ് ക്യാപ്റ്റനും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയിലേക്ക് സ്വന്തം നിലയില്‍ എത്താനാകും. ബയോ ബബിളിനുള്ളില്‍ കാര്യങ്ങള്‍ മെച്ചമാണ്. എന്നാല്‍ പുറത്തുള്ള ജനങ്ങളുടെ കാര്യത്തിലാണ് ആശങ്കയെന്നും പോണ്ടിംഗ് പറഞ്ഞു.
ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്നാണ് ആശങ്ക. എന്നാല്‍, ബയോബബിളിന് പുറത്ത് ഇന്ത്യ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ നിസ്സാരമാണ്. പുറത്ത് സംഭവിക്കുന്നതിനെക്കുറിച്ച് ആകുലതയിലാണ് ഞങ്ങള്‍. ഇതിനിടയിലും ചെറുവിഭാഗം ജനങ്ങള്‍ക്കെങ്കിലും ഐ.പി.എല്ലിലൂടെ സന്തോഷം പകരാന്‍ കഴിയുന്നത് അനുഗ്രഹമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ പോണ്ടിംഗ് പറഞ്ഞു.
ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ ബയോ ബബ്ള് സംവിധാനമാണെന്ന് നേരത്തെ ഓസ്ട്രേലിയന്‍ താരം ആദം സാമ്പ വ്യക്തമാക്കിയിരുന്നു. ഐ.പി.എല്‍ സീസണ് പകുതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. കോവിഡ് മഹാമാരിക്കിടെ ഐപിഎല്ലില്‍ സജീവമായി തുടരുന്ന ഇംഗ്ലീഷ്, ഓസീസ് ക്രിക്കറ്റര്‍മാര്‍ക്കെതിരെ മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗും രംഗത്ത് എത്തിയിരുന്നു.
Discussion about this post