കൊവിഡ് ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ സൗദിയില്‍ കടുത്ത ശിക്ഷ. വീഴ്ച്ച മനപ്പൂര്‍വ്വം കൊവിഡ് പരത്തുന്നവര്ക്കാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചുലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ചെയ്യുന്നവര്‍ വിദേശികളാണെങ്കില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. പിന്നീട് പുതിയ വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും.
കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടിയാകും ശിക്ഷ. കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിക്കും അനുസൃതമായി ശിക്ഷകളില്‍ വ്യത്യാസമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തി, ഹോം ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് പരിശോധന നടത്തുന്നവര്‍ക്ക് സാധരണയായി 12 മുതല്‍ 72 വരെ മണിക്കൂറിനുള്ളില്‍ എസ്എംഎസിലൂടെയും സ്വിഹത്തി, തതമന്‍, തവക്കല്‍നാ എന്നീ ആപ്പുകള്‍ വഴിയും പരിശോധനാ ഫലം ലഭിക്കും. എന്നാല്‍ ഫലം ലഭിക്കാന്‍ മൂന്ന് ദിവസത്തിലധികം വൈകുന്ന സാഹചര്യത്തില്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post