തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ബിജെപിയെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവനയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്. യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കുമെന്നും സിപിഐഎം പറഞ്ഞു.
പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്ട്രേട്ടിന് നല്കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
Discussion about this post